Sunday, May 30, 2010കുഞ്ഞുടുപ്പുകളില്‍ ചിതറിത്തെറിച്ച ചോരയുടെ ഗന്ധം അറിയണോ? അനാഥതയിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യങ്ങള്‍ കാണണോ? വിധവയാക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ രോദനം കേള്‍ക്കണോ? എങ്കില്‍ കണ്ണൂരിലേക്ക് പോന്നോളൂ. ഇവിടെ, അമ്മ-ഭാര്യ-പെങ്ങന്മാരുടെയും കുഞ്ഞുമക്കളുടെയും ധാരമുറിയാതെ ഒഴുകുന്ന കണ്ണീരും വിലാപങ്ങളും നിങ്ങളെ സ്വീകരിക്കും. അവരുടെ വാക്കുകള്‍ നിങ്ങളുടെ നെഞ്ചകം കീറിമുറിച്ചേക്കാം... എന്നാല്‍പോലും ഈ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാവില്ല!
ജലാശയത്തിലെ ഒരു ബിന്ദുവിലുണ്ടാകുന്ന നേര്‍ത്തൊരു ചലം അസംഖ്യം ഓളങ്ങളുയര്‍ത്തി വിടുന്നത് പോലെ കണ്ണൂരിന്‍റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന നിസ്സാരപ്രവര്‍ത്തിയാണ് ജില്ല മൊത്തം വ്യാപിച്ച് ചോരയില്‍ കുതിര്‍ന്നു നിലവിളിയായി ഉയരുന്നത്.

നാല്പതു വര്‍ഷമായി കണ്ണൂര്‍ ഇങ്ങനെയാണ്. രാഷ്ട്രീയപക തലങ്ങും വിലങ്ങും ജീവനെടുക്കുന്നു. കൊല്ലുന്നതിലും കൊല്ലപ്പെടുന്നതിലും പാര്‍ട്ടിഭേദമില്ല. കോണ്‍ഗ്രസ്‌.. സീപീയെം.. ബീജേപീ.. എന്‍ഡീയെഫ്.. എല്ലാവരും മാറിമാറി എത്തുന്നു. പാര്‍ട്ടികള്‍ക്ക് പറയാന്‍ പഠിച്ചുവെച്ച ന്യായമുണ്ട്. "ഞങ്ങള്‍ പ്രതിരോധിക്കുകയാണ്". ഓരോ അക്രമങ്ങള്‍ക്ക് ശേഷവും മുറപോലെ സമാധാന യോഗങ്ങള്‍ ചേരും. പക്ഷെ, അതിന്‍റെ ചൂടാറുംമുമ്പേ അടുത്ത കൊലക്ക് കളമൊരുങ്ങുകയായി. ഒരു വിലപ്പെട്ട ജീവന്‍ കീറിമുറിക്കപ്പെടുമ്പോള്‍ നീതിവ്യവസ്തകള്‍ക്ക് പോലും ഒന്നും ചെയ്യാനാവുന്നില്ല.

ഒരിക്കലും അടങ്ങാത്ത കണ്ണൂരിലെ രാഷ്ട്രീയപകയില്‍ ബലിയാടായവരുടെ എണ്ണം ഇപ്പോള്‍ മുന്നൂറോളം ആയി. അക്രമങ്ങളില്‍ കയ്യോകാലോ നഷ്ട്ടപ്പെട്ടവരുടെ എണ്ണം ഇതിന്‍റെ മൂന്നിരട്ടിയാണ്. അയ്യായിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. കൊണ്ടും കൊടുത്തും വളര്‍ന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൊത്തം ഏജന്റായ ആരെസ്സെസ്സും ശാന്തിസമാധാനം നാവിട്ടലക്കുന്ന കോണ്‍ഗ്രസ്സും പട്ടിണിക്കാരന്റെ കണ്ണീരോപ്പുന്നുവെന്നു അഹങ്കരിക്കുന്ന കമ്മ്യൂനിസ്ട്ടുകാരനും ഒരൊറ്റ ഭാഷയും മുഖവുമാണ് കണ്ണൂരില്‍. അവര്‍ സംസാരിക്കുന്നത് അക്രമത്തിന്റെ ഭാഷ.. അവര്‍ക്കാവശ്യം രാഷ്ട്രീയ ശത്രുവിന്റെ ചോര... അവരുടെ ലക്‌ഷ്യം കൊന്നും കൊടുത്തും പാര്‍ടി വളരണം..

ഇവിടെ ഓരോ ഗ്രാമവും ഓരോ പാര്ട്ടികളുടെതാണ്. ഇവിടങ്ങളില്‍ ഇല അനങ്ങണമെങ്കില്‍ നേതാക്കളുടെ അനുമതി വേണം. "കണ്ണൂരിലെന്താ ഇങ്ങനെയെന്ന്" പരിഹസിക്കുന്നവര്‍ അറിയുക, ജഡങ്ങളെപോലും കലാപത്തിനു വേണ്ടി 'ഉയര്തെഴുന്നെല്‍പ്പിക്കുന്ന' നേതാക്കളുടെ പ്രസംഗമാണ് കണ്ണൂരിലെ ഏറ്റവും വലിയ ശാപം. പ്രകോപനപരമായ ഈ പ്രസംഗം എന്ന് നില്‍ക്കുന്നുവോ അന്ന് തീരും ഇവിടുത്തെ സര്‍വ്വ പ്രശ്നങ്ങളും.

കണ്ണൂരില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെതായ ചാവേര്‍ കൂട്ടങ്ങളുണ്ട്, ബോംബ്‌ നിര്‍മ്മാണത്തിലും അതിന്‍റെ പ്രയോഗത്തിലും പ്രാവീണ്യം നേടിയ അണികളുമുണ്ട്. ഹിറ്റ്സ്കോടുകള്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഇവര്‍ ആയോധനകലകളില്‍ ശക്തരാണ്. കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യ ഇനം. പിന്നെ കാത്തിരിപ്പാണ്. സൗകര്യം കിട്ടുമ്പോള്‍ ഇരകള്ക്കുമേല്‍ ചാടിവീണ് അരിഞ്ഞുവീഴ്ത്തുന്ന വിദ്യ വിജയകരമായി നടപ്പാക്കും. ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ ശേഷിക്കുന്നവന്റെ മനോവേദനയുടെ ആഴം..?
36 comments:

( O M R ) said...

ഇവിടെ ഓരോ ഗ്രാമവും ഓരോ പാര്ട്ടികളുടെതാണ്. ഇവിടങ്ങളില്‍ ഇല അനങ്ങണമെങ്കില്‍ നേതാക്കളുടെ അനുമതി വേണം.
"കണ്ണൂരിലെന്താ ഇങ്ങനെയെന്ന്" പരിഹസിക്കുന്നവര്‍ അറിയുക, ജഡങ്ങളെപോലും കലാപത്തിനു വേണ്ടി 'ഉയര്തെഴുന്നെല്‍പ്പിക്കുന്ന' നേതാക്കളുടെ പ്രസംഗമാണ് കണ്ണൂരിലെ ഏറ്റവും വലിയ ശാപം.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ആ ഫോടോ മാത്രം കണ്ടാല്‍ മതി നമുക്ക് ഉറക്കം നഷ്ടപ്പെടാന്‍!
ചിലര്‍ക്ക് ഉറക്കം വരാന്‍ അത്തരം കാഴ്ചകള്‍ കാണണം (രാഷ്ട്രീയ വൈരം)
ബധിരകര്‍ണങ്ങളില്‍ ആണ് സോദരാ നമ്മുടെ വാക്കുകള്‍ ചെന്ന് പതിക്കുന്നത്!
ചെകുത്താന്മാരുടെ കൈകളിലാണ് ഇന്ന് നാടിന്റെ നിയന്ത്രണം.
മദ്യത്തിന്റെ നിയന്ത്രണത്തിലാണ് ഇന്നത്തെ പ്രവര്‍ത്തനം..
നമുക്ക്‌ ആശിക്കാം .. വെറുതെ ...

ശ്രീക്കുട്ടന്‍ said...

If U Dont mind Pls remove that Picture.Its horrible

തെച്ചിക്കോടന്‍ said...

ആ നാട്ടില്നിന്നുതന്നെ അതിനുള്ള പ്രതിവിധി ഉണ്ടാവേണ്ടിയിരിക്കുന്നു, അതിനു നാട്ടുകാര്‍ ഒരുമ്പടണം.
ചിത്രം ഭീകരം!

ഉപാസന || Upasana said...

:-(

ഒരു യാത്രികന്‍ said...

എന്‍റെ നാട്.....ദൈവമേ....

കെ.പി.സുകുമാരന്‍ said...

ചിത്രം കാണുമ്പോള്‍ തന്നെ ഭീകരം എന്ന് നമുക്ക് തോന്നുന്നു. അപ്പോള്‍ കൊലപാതകം നേരില്‍ കണ്ട് കുഴഞ്ഞ് വീണ് മരിക്കാനിടയായ ആ ഹതഭാഗ്യന്റെ കാര്യം ഓര്‍ത്ത് നോക്കൂ ... ജയിലുകളില്‍ തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷ നടപ്പാക്കാന്‍ ആളെ കിട്ടാത്ത ഇക്കാലത്ത് പാര്‍ട്ടികള്‍ക്ക് ഇങ്ങനെ ആരാ‍ച്ചാര്‍മാരെ യഥേഷ്ടം നാട്ടിന്‍‌പുറങ്ങളില്‍ നിന്ന് തന്നെ കിട്ടുന്നു എന്നത് പരിഷ്കൃതസമൂഹം ഭീതിയോടെ കാണേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്.

കണ്ണൂരിലെ കൊലപാതപരമ്പരകളില്‍ എല്ലാ പാര്‍ട്ടികളെയും സംഘടനകളെയും പൊതുവെ കുറ്റപ്പെടുത്താമെങ്കിലും ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ കാട്ടുനീതിയും ഫാസിസ്റ്റ് സമീപനവും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. മാര്‍ക്സിസ്റ്റ്കാരനെ വധിക്കാ‍ന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ട് പേര്‍ കോടതിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് വഴിയില്‍ വെച്ച് സംഘടിതമായി കൊല്ലപ്പെടുന്നത്. കോടതി വിധി വരെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഞങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ തന്നെ പെരുവഴിയില്‍ വെച്ച് കൊന്ന് ശിക്ഷാവിധി നടപ്പാക്കും എന്നാണ് ഇത്തരം കൊലപാതങ്ങള്‍ നടത്തി സമൂഹത്തെയും കോടതികളെയും അറിയിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. സി.പി.എം.കാരെ കൊന്നതോ കൊല്ലാന്‍ ശ്രമിച്ചതോ ആയ കേസുകളില്‍ പ്രതികളായവരെ ആ പാര്‍ട്ടി ജീവനോടെ വിട്ടുവെക്കാറില്ല എന്ന് കാണാന്‍ കഴിയും. കോടതികളില്‍ വിചാരണ നടന്ന് ശിക്ഷ വിധിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ അവര്‍ കാത്തിരിക്കാറില്ല എന്ന് സാരം. അവര്‍ ആരെയും വെറുതെ വിടുന്ന പ്രശ്നവുമില്ല. ഈയൊരു സമീപനം സി.പി.എം. മാത്രം പിന്തുടരുന്ന ഒന്നാണ്. അവര്‍ക്ക് ഇവിടത്തെ കോടതികളും നീതിന്യായസംവിധാനങ്ങളും ഒക്കെ ബൂര്‍ഷ്വ ആണ്. അവരെ സംബന്ധിച്ച് ജനാധിപത്യം എന്നത് ഗതികേട് കൊണ്ട് അണിയുന്ന ആട്ടിന്‍‌തോല്‍ മാത്രമാണ്.

ഒരു പരിഷ്കൃതസമൂഹത്തില്‍ കുറ്റവാളികളെയും കൊലപാതകികളെയും കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതികളുമൊക്കെയാണ്. കമ്മ്യൂണിസ്റ്റുകാര്‍ അത്ര കണ്ട് പരിഷ്കൃതരായിട്ടില്ല. കണ്ണൂര്‍ കൊലപാതകപരമ്പരകളുടെ അടിസ്ഥാനകാരണം ഇതാണ്. മാര്‍ക്സിസ്റ്റ്കാരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന പ്രതികളെ മാര്‍ക്സിസ്റ്റ്കാര്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍ , മാര്‍ക്സിസ്റ്റ് പ്രതികളെ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഇതര സംഘടനകള്‍ ഇല്ല. ഈ വസ്തുതകള്‍ എല്ല്ലാവരും കണക്കിലെടുക്കണം. ഒറ്റപ്പെട്ട തിരിച്ചടികള്‍ ഉണ്ടാവാറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് കണ്ണുരിലെ പ്രബലശക്തി എന്നോര്‍ക്കണം. മാത്രമല്ല ഇങ്ങനെ പ്രതിയോഗികളെ കൊല്ലാനും കേസുകളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും സി.പി.എമ്മിന് വിപുലമായ സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. സി.പി.എം. പ്രതികള്‍ അപൂര്‍വ്വമായേ ശിക്ഷിക്കപ്പെടാറുള്ളൂ. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ പിരിവ് നടത്തി ധനസമാഹരണം നടത്തും. പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി വക സംരംഭങ്ങളില്‍ ജോലി നല്‍കും. പ്രാകൃതമായ ഒരു സംഘടനാരീതിയാണ് ഇപ്പോഴും അവര്‍ പിന്തുടരുന്നത്. അവര്‍ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടി ആഫീസില്‍ നിന്നാണ് പ്രതിപ്പട്ടിക നല്‍കുക. ആ പട്ടികയിലുള്ളവരെ പാര്‍ട്ടി തന്നെ പോലീസില്‍ കീഴടങ്ങിപ്പിക്കുകയും ചെയ്യും. ആ കേസിന്റെ ഗതി പിന്നെ പറയേണ്ടല്ലൊ.

കെ.പി.സുകുമാരന്‍ said...

പോലീസിന് നിഷ്പക്ഷവും മുഖം നോക്കാതെയും നടപടി സ്വീകരിക്കാന്‍ കഴിയുമാറ് അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കപ്പെടുമ്പോള്‍ കണ്ണൂര്‍ ശാന്തമാകാറുണ്ട്. പോലീസിനെ സി.പി.എം. രാഷ്ട്രീയവല്‍ക്കരിക്കുകയും പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതിനൊക്കെ അറുതി വരണമെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ കാട്ടുനീതിയും ആക്രമണ സംവിധാനങ്ങളും ഒഴിവാക്കണം. അതിനവര്‍ തയ്യാറാവുകയില്ല. ഏതൊരു എസ്റ്റാബ്ലിഷ്മെന്റും അങ്ങനെ മാറുകയില്ലല്ലൊ. പിന്നെ ഒരു വഴി ഉള്ളത് സി.പി.എമ്മിനെ അധികാരത്തില്‍ നിന്ന് എന്നെന്നേക്കുമായി അകറ്റി നിര്‍ത്തുക എന്നതാണ്. അതിന് ജനാധിപത്യശക്തികള്‍ യോജിച്ചാല്‍ മതി. കേരളത്തില്‍ ഭൂരിപക്ഷം ഉള്ളത്കൊണ്ടല്ല അവര്‍ അഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരണത്തില്‍ മാറി മാറി വരുന്നത്. ജനാധിപത്യശക്തികള്‍ വിഘടിച്ചു നില്‍ക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. പതിവ് ശൈലിയില്‍ പ്രസ്ഥാവന ഇറക്കാനല്ലാതെ ഉമ്മന്‍ ചാണ്ടിക്കൊന്നും ഈ രീതിയില്‍ ജനാധിപത്യശക്തികളെ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയ ദുരന്തം എന്നേ പറയാന്‍ കഴിയൂ..

Neena Sabarish said...

വിശപ്പടങ്ങിയാല്‍ വന്യമഗങ്ങള്‍ വരെ ഇരയെ കൊന്നു കൂട്ടിയിടാറില്ല.....തിന്നാന്‍ വേണ്ടെങ്കില്‍ ഈ ദ്രോഹികള്‍ക്കെന്തിനാണീ പച്ചമാംസം?ഈ നാടു കണ്ണൂരോ?അതോ കണ്ണുപൊട്ടിയഊരോ?

Aadhila said...

ആ ഒരു ചിത്രം തന്നെ മതി സുഹൃത്തേ ...വയ്യ ...ഇങ്ങിനെ പരസ്പ്പരം കടിച്ചു തിന്ന് ഇവര്‍ എന്ത് നേടുന്നു ....ഒന്നും പറയാന്‍ വയ്യ ..തളര്‍ന്നു പോവുന്നു .....

കൂതറHashimܓ said...

ആ പടം എടുത്തുകളയൂ.. പ്ലീസ്

പട്ടേപ്പാടം റാംജി said...

ചിന്തകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യര്‍.

(saBEen* കാവതിയോടന്‍) said...

കൊടുത്താല്‍ കിട്ടുന്നത് കൊല്ലത്താണെങ്കില്‍ കൊടുക്കാതെ കിട്ടും കണ്ണൂരില്‍.! നമ്മുടെ നാറിയ രാഷ്ട്രീയ കുടിപ്പകയുടെ മികച്ച ഒരു സാമ്പിള്‍ ആണ് കണ്ണൂര്‍. ഈ ജില്ല കേരളത്തിലോ അതോ പാകിസ്ഥാനിലോ? പ്രിയ കണ്ണൂര്‍ സ്നേഹിതരെ, നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളും കൂടുന്നു.

shajiqatar said...

എന്ന് നില്‍ക്കും ഈ കുരുതികള്‍,കണ്ണൂരുകാരുടെ മാത്രം ദുഃഖം അല്ല ,ഇത് കേരളത്തിന്റെ മുഴുവന്‍ വേദനയാണ്.

സുകുമാരേട്ടന്റെ പോസ്റ്റില്‍ നിന്നും താങ്കളുടെ പോസ്റ്റിലേക്ക് ഒരു കമന്റ്‌.

കാക്കര - kaakkara said...

ശവകല്ലറയിൽ ബോംബ്‌ വെച്ച്‌ സംരക്ഷിക്കണമെങ്ങിൽ... വിദ്യാർത്ഥികളുടെ മുന്നിലിട്ട്‌ വെട്ടികൊല്ലണമെങ്ങിൽ... വിട്ടിൽ കയറി അമ്മയുടെ മുന്നിലിട്ട്‌ കുത്തികൊല്ലണമെങ്ങിൽ... പാമ്പിന്‌പോലും രക്ഷയില്ലായെങ്ങിൽ...

അക്രമരാഷ്ട്രീയത്തിന്‌ എല്ലാവരും അവരവരുടെതായ പങ്ക്‌ നിർവഹിക്കുന്നുണ്ടെങ്ങിലും ഈയടുത്തകാലത്തായി മിക്കപ്പോഴും ഒരു പക്ഷത്ത്‌ സി.പി.എമ്മും മറുപക്ഷത്ത് ഓരോ പാർട്ടികൾ മാറി മാറി വരുന്നു. ഇതിൽ ആർ.എസ്.എസ്സും എൻ.ഡി.എഫുമാണ്‌ മുന്നിൽ നിൽക്കുന്നത്‌, തൊട്ടു പിന്നാലെ കോൺഗ്രസ്സ്, സി.പി.ഐ, ലീഗ്‌ തുടങ്ങി എല്ലാവരും.

വെട്ടിക്കൊലയിൽപോലും പാർട്ടിതിരിഞ്ഞ്‌ തർക്കിക്കുമ്പോൾ, മലയാളികൾ രാഷ്ട്രീയ പ്രബുദ്ധരോ അതൊ പാർട്ടി ചാവേറുകളോ?

ഉമ്മുഅമ്മാർ said...

ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു അതൊന്നു മാറ്റാമായിരുന്നു.. മനുഷ്യർ മനുഷരെ തന്നെ പച്ചക്കു തിന്നുന്ന കാലം പൈശാചികത മനുഷ്യരിൽ കുടിയിരുത്തപ്പെട്ടിരിക്കുന്നു.. പാർട്ടികൾ പരസ്പരം ചോരകൊതി തീർക്കുമ്പോൽ അനാഥമകുന്നവരുടെ നഷ്ട്ടപ്പെടുന്നവരുടെ ദുഖം ആരും മനസിലാക്കുന്നില്ല... ദൈവത്തിന്റെ സ്വന്തം നാടു പോലും പിശാചു വരെ തോറ്റ് തല താഴ്ത്തും അത്ര ക്രൂരമാണിന്നു കേരളം ചോരക്കൊതിയന്മാരുടെ നാട് ആരേയും കൊല്ലാൻ ഒരു മടിയുമില്ലാത്ത നാടായിരിക്കുന്നു.. നല്ലൊരു നാളെ ഉണ്ടാകാൻ പ്രാർഥിക്കാം .. ഭാവുകങ്ങൾ.. ചിന്തിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ..

ജോയ്‌ പാലക്കല്‍ said...

" ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ ശേഷിക്കുന്നവന്റെ മനോവേദനയുടെ ആഴം..?"

ഇത്‌നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..
ആശംസകളോടെ....

കണ്ണൂരാന്‍ / Kannooraan said...

അയ്യേ.. ഇതൊക്കെയാ കണ്ണൂരില്‍ നടക്കുന്നത്! കഷ്ട്ടം കഷ്ട്ടം..
കല്ലിവല്ലി കണ്ണൂര്‍ക്കൊലകള്‍.)

(എന്റെ ബ്ലോഗില്‍ താങ്കളുടെ കമെന്റ്റ്‌ കണ്ടു. എന്റെ നാട്ടിന്റെ ദുരവസ്ഥ വരച്ചു കാട്ടിയതില്‍ അഭിനന്ദനം.)

ആയിരത്തിയൊന്നാംരാവ് said...

ഇനി ഉണ്ടാകാതിരിക്കട്ടെ

sm sadique said...

ശത്രുത മാത്രം വിളമ്പുന്നവർ
ഇവർക്ക് സമം ഇവർ മാത്രം
ഇതാണ് കണ്ണൂർ. (അയ്യോ, എല്ലാവരുമില്ലേ)

Jishad Cronic™ said...

ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു .

എന്‍.ബി.സുരേഷ് said...

കൊല്ലിച്ചു രസിക്കൽ നിനക്ക് രസമെടോ എന്ന് കൃഷ്ണനോട് മഹാഭാരത്തിൽ പറയുന്ന പോലെയാണ് കണ്ണൂരിന്റെ കാര്യം. ചാവുന്നതൊരു കൂട്ടർ. നേട്ടം കൊയ്യുന്നത് മറ്റൊരുകൂട്ടർ.

യുദ്ധം കഴിഞ്ഞ് അർജ്ജുനൻ അശ്വമേധത്തിനിറങ്ങുമ്പോൾ തേരിന്റെ മുൻപിൽ കൈക്കുഞ്ഞുമായി പ്രത്യക്ഷപ്പെടുന്ന ദുശ്ശളയും ഭാരതത്തിലുണ്ട്. ആണുങ്ങളില്ലാത്ത കൈക്കുഞ്ഞുങ്ങളും പെണ്ണുങ്ങളും മാത്രമായ രാജ്യം എന്തിന് എന്ന ചോദ്യം അർജ്ജുനൻ നേരിടുന്നുണ്ട്. കമ്മ്യുണിസ്റ്റു കാരനായ തോപ്പിൽ ഭാസി പാഞ്ചാലി എന്ന നാടകത്തിൽ ഇത് ചിത്രീകരിക്കുന്നുണണ്ട്.

തിന്നാൻ വേണ്ടിയല്ലാതെ കൊല്ലുന്ന ഒരേയൊരു മൃഗം മനുഷ്യനാണല്ലോ. അതിനാൽ ഇത് അവിരാമം തുടരും. എല്ലവർക്കും ഹിഡൻ അജണ്ടകൾ ഉള്ളതിന്നാൽ ആരാണിത് ചെറുക്കുക.

ആട്ടിത്തെളിക്കുന്ന കുഞ്ഞാടുകളെ ആരാണ് സത്യം സത്യമായി പഠിപ്പിക്കുക. ആവോ?

»¦മുഖ്‌താര്‍¦udarampoyil¦« said...

ആവര്‍ത്തിക്കാതിരിക്കട്ടെ..
മനുഷ്യത്വം തിരിച്ചു പിടിക്കാനാവട്ടെ..

> ആ ചിത്രം വേണ്ടിയിരുന്നില്ല. <

നവാസ് കല്ലേരി... said...

കണ്ണൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ
ഒരു ചോരമണം ...
ഇത് പോലുള്ളത് കാണുമ്പോള്‍ ..?
എന്ന് നന്നാവും നിങ്ങളുടെ നാടുകാര്‍ ..
നഷ്ട്ടപെട്ടവര്‍ക്കെ അതിന്‍റെ വേദന അറിയൂ
കാത്തിരിക്കാം ഒരു നല്ല നാളേക്ക് വേണ്ടി

എന്‍റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആ ചിത്രം വേണ്ടിയിരുന്നില്ല എന്ന് പറയാൻ തന്നെ ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ഒരു ചിത്രം കാണുമ്പോൾ നമുക്കിങ്ങിനെ അസ്വസ്ഥതകളുണ്ടാവുന്നുവെങ്കിൽ അത് നേരിൽ കാണുന്ന അനുഭവിക്കുന്നവരുടെ കാര്യം !!

ചോരക്കൊതിയന്മാർ പെരുകുകയാണു നമ്മുടേ നാട്ടിൽ ..എവിടേക്കാണീ പോക്ക് :(

സരൂപ്‌ ചെറുകുളം said...

bhayappeduthikkalanjallo
ee lola hrudayane.....
ottachithrathal...

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

mayflowers said...

ജില്ലയിലെ ഇരട്ടക്കൊലപാതകം നടന്നത് ഞങ്ങളുടെ അടുത്താണ്.
റോഡില്‍ കണ്ട ചോരപ്പാടുകള്‍ പോലും ഉറക്കം നഷ്ട്ടപ്പെടുത്താന്‍ പോന്നതായിരുന്നു..

ഹംസ said...

കണ്ണൂര്‍കഥകള്‍ കുറെ മുന്‍പ് വായിച്ചുപോയതാ OMR നെ എവിടയും കാണാറില്ല. ഇന്ന് കണ്ണൂരാന്‍റെ പോസ്റ്റിലെ കമന്‍റ് കണ്ടപ്പോള്‍ വീണ്ടും ഇവിടെ വന്നു നോക്കിയത് ...

ബെഞ്ചാലി said...

ചിത്രം ഭീകരം! :(

വാല്യക്കാരന്‍.. said...

ഹേ..
എന്റെ കണ്ണുകളെ വേദനിപ്പിക്കരുത്..
ചോരയുടെ നിറം ചുവപ്പ് തന്നെ...

താന്തോന്നി/Thanthonni said...

ചോര പുരണ്ട കണ്ണൂര്‍.

faisalbabu said...

നമുക്ക്‌ സഹതപിക്കാനെ കഴിയൂ !! നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല അതിനെ ക്കാള്‍ വലിയ പഴുതുകള്‍ നാം തന്നെ അതില്‍ കൂട്ടി വെച്ചിരിക്കുന്നു !! കൊലപാതകം ചെയ്യാന്‍ പോകുന്നതിനു മുമ്പേ വക്കീലും ജാമ്യവും റെഡി ....അപ്പോള്‍ പിന്നെ മനുഷ്യ ജീവന് എന്ത് വില ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT

എവിടെയാണു നിങ്ങള്‍ ഒളിച്ചിരിക്കുന്നത് ?

വേണുഗോപാല്‍ said...

ഇത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങള്‍ മലയാളത്തിന്റെ ശാപം ..
ചിത്രവും വിവരണവും മനസ്സില്‍ കൊണ്ടു.
ഫോളോ ചെയ്തിട്ടുണ്ട് .. എങ്കിലും പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ എന്നെ കൂടി വിളിക്കണം .
ആശംസകള്‍

nazirmamba said...

ബിസ്മില്ലാഹ്....
ഈ വിനീതന്‍ കണ്ണൂര്‍ കാരനാണ്...കൊലപാതകിക്കുള്ള ശിക്ഷയെങ്കിലും ഇസ്ലാമിക ശരീഅത്ത്‌ നിയമമനുസരിച്ച് നടപ്പിലാക്കിയാല്‍ ഒരു പരിധിവരെ ഇത്തരം കൊലപാതകങ്ങളില്‍ നിന്നും നമ്മുടെ നാട് മോചിതമാകും...പ്രതികാരമാണ് എല്ലാ കൊലപാതകതിന്നും ഹേതുകം..അതിനു തടയിടണമെങ്കില്‍ നിയമപരമായി തന്നെ അതിന്റെ ശിക്ഷ (വധം) നടപ്പില്‍ വരുത്തണം . അല്ലെങ്കില്‍ കുടുംബങ്ങളോ പാര്‍ട്ടിയോ അത് ഏറ്റെടുക്കുകയും വീണ്ടും കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യും . ഇതാണ് ഇപ്പോള്‍ കണ്ടു വരുന്നത്. ചിന്തകന്മാരും ബുദ്ധിജീവികളും മാധ്യ്മലോകവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിച്ചു കൂടായ്കയില്ല. നമ്മുടെ നാടിന്റെ സ്നേഹവും ഐശ്ര്യവും ആഥിത്യ മര്യാദയും കെടാവിളക്കായി സൂക്ഷിക്കുവാനും മക്കളുടെ ഭാവി സുരക്ഷിതമാകുവാനും സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ ...പ്രാര്‍ഥനാ പൂര്‍വം ....your brother

Post a Comment

 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com