
നെറികെട്ട ചാനല്‍ സംസ്കാരത്തിന്റെ ദുര്‍ഗന്ധം സഹിച്ചാണ് നമ്മള് മലയാളികള്‍ ഓരോ ദിനവും തള്ളി നീക്കുന്നത്. ഫാഷ്യനും സെക്സും പ്രതികാരവും അന്ധവിശ്വാസവും ഭ്രാന്തന് സംഗീതവും ചേര്‍ന്ന് ദ്രിശ്യ-മാധ്യമ പിശാചുക്കള്‍ സൃഷ്ട്ടിച്ചെടുത്ത ഈ വൃത്തികേടില്‍ നശിച്ച് ഒടുങ്ങുന്നത് പുത്തന്‍ തലമുറയാണ്. പ്രബുദ്ധരെന്നു ഊറ്റം കൊണ്ട മലയാളിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി.
തൊണ്ണൂറുകളിലാണ് നമ്മുടെ നാട് ഈ വിഡ്ഢിപ്പെട്ടിക്കു മുന്പില് കുത്തിയിരിപ്പ് തുടങ്ങിയത്. അത്രയൊന്നും വ്യാപകമല്ലാത്ത ഒരു സാധനമായത് കൊണ്ടാവാം, ഇതിലെ കാഴ്ചകള്‍ കാണാന്‍ ജനം തലങ്ങും വിലങ്ങും ഓടി. താമസിയാതെ ടീവി ഇല്ലാത്ത വീടുകള്‍ അപൂര്‍വമായി. രണ്ടായിരം ആയപ്പോള്‍ ടീവി ഇല്ലെങ്കില്‍ പിന്നെന്തു ജീവിതമെന്ന് ചോദിക്കാന്‍ മലയാളി ശീലിച്ചു. അറിവും ആഹ്ലാദവും മത്സരിക്കുന്നതിന്റെ നാണം കെട്ട കാഴ്ചകളുമായി ഇന്നും അത് അനിസ്യൂതം മുന്നോട്ട് കുതിക്കുകയാണ്..!
'മ' പ്രസിദ്ധീകരണങ്ങളില്‍ വായിച്ചറിഞ്ഞ വൈകാരിക സംഘര്‍ഷങ്ങള്‍ മലയാളിയുടെ നെഞ്ചിന് കൂടിലേക്ക് നേരിട്ട് എത്താന്‍ തുടങ്ങിയപ്പോള്‍ പുതിയൊരു ദൃശ്യ സുഖം നമുക്കിടയില്‍ വളരുകയായിരുന്നു. വേലയും കൂലിയും വേണ്ട, ടീവിയിലെ രസികന്‍ കാഴ്ചകള്‍ കണ്ടിരിക്കാം എന്ന പുരുഷാധിപത്യത്തിനു മുന്പില് കുടുംബ കലഹം നിത്യവിസ്മയമായി. പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ട്ട നായകന്മാരെ തേടി അടുത്ത വീടുകളിലേക്ക് പാളി നോക്കി. രാത്രികാഴ്ചകളുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനും ഈ ശവപ്പെട്ടി നിമിത്തമായി.!
വിദേശ രാഷ്ട്രങ്ങളില്‍ അരങ്ങേറുന്ന സമരമുറകള്‍ നാം അനുകരിക്കാന്‍ തുടങ്ങിയത് ടീവി കാഴ്ചകള്‍ക്ക് ശേഷമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ സിനിമാ സംബന്ധിയായ വളിച്ചതും പുളിച്ചതും കാണാനും കേള്‍ക്കാനും നാം നിര്‍ബന്ധിതരായി. പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതിയില്‍ മാറ്റം വന്നു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. സ്നേഹമോ ദയയോ പ്രകടിപ്പിക്കാന്‍ ആര്‍ക്കും സമയമില്ലാതായി. സന്ധ്യാ പ്രാര്‍ഥനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ തുടങ്ങിയതോടെ 'നാകം' പണിത നമ്മള് തന്നെ നമ്മുടെ നരകവും പണിതു.!
വീടുകളില്‍ കുട്ടികള്‍ക്ക് അവരുടെ മത പ്രവാചകരുടെയോ ചരിത്ര നേതാക്കളുടെയോ പേരുകള്‍ അറിയില്ലെങ്കിലും 'സിലിമാ'ക്കാരുടെ പേരുകള്‍ ഹൃദ്യസ്തമാണ്. ഇഷ്ട ചാനല്‍ കാണാന്‍ സാധിക്കാത്തതിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. പുതിയ ചാനലുകളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന 'മലയാലി' ഇതൊക്കെ സമ്മതിക്കുമോ ആവോ!
ഇപ്പോള്‍ തന്നെ മലയാളിയെ നശിപ്പിക്കാന്‍ ഡസനോളം ചാനലുകള്‍ കേരളത്തിലുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമാണ് ഇവയില്‍ മിക്കതും. വാര്‍ത്താ ചാനലുകളെന്ന് അവകാശപ്പെട്ട് അവതരിച്ചവയും പിന്നീട് ദുര്‍നടപ്പിലേക്കാണ് നീങ്ങിയത്. കാഴ്ചകളിലെ ആവര്‍ത്തന വിരസത പോലും മലയാളിയെ മുഷിപ്പിക്കുന്നില്ല.(?) എന്നിട്ടും വീണ്ടും ഡസനോളം ചാനലുകള്‍ മലയാളിയെ തേടി എത്തുന്നു എന്നതാണ് സമകാലിക വിരോധാഭാസം.!
എന്തിനാണ് മലയാളിക്ക് ഇത്രയധികം ചാനലുകള്‍ എന്ന് ചോദിക്കരുത്. അതിനു വേണ്ടി പണം ഇറക്കുന്ന പാവപ്പെട്ട മുതലാളിമാര്‍ക്ക് ഈ ചോദ്യം ദഹിക്കില്ലെന്നോര്‍ക്കുക. അവര്‍ക്ക് എസ്സെമ്മെസ് വേണം. പരസ്യം വഴി കോടികള്‍ ഉണ്ടാക്കണം. ടൈ കെട്ടിയ 'ശായിപ്പന്‍'മാരും 'മലയാലി' മദാമ്മമാരും വന്ന് നമ്മെ ഉദ്ബുദ്ധ രാക്കും. ഗ്രഹണി പിടിച്ച പയ്യന്‍സ് മരണ വീടുകളില്‍ പോലും മൈക്കും കാമറയും കൊണ്ട് കഥകളി കാട്ടും. ഇതില്പരം എന്താണ് നമുക്കാവശ്യം?
വരട്ടെ, ആറോ നൂറോ ചാനലുകള്‍ വന്ന് മലയാളിയെ വിഴുങ്ങട്ടെ.. ചാനല്‍ പ്രളയത്തില്‍ അവന് മുങ്ങിത്താഴട്ടെ. ടീവി കാഴ്ചകള്‍ അവന്റെ ജീവിതത്തെ ധന്യമാക്കട്ടെ.. കുടുംബം പട്ടിണിയാകട്ടെ.. പെണ്‍കുട്ടികള്‍ ആടിത്തിമിര്‍ക്കട്ടെ.. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകുമെങ്കില്‍ അതല്ലേ നല്ലത്?