Wednesday, April 21, 2010

പ്രതീകങ്ങളുടെയും കെട്ടുകാഴ്ച്ചകളുടെയും ഉപഭോഗ ലോകത്തെ നോക്കി ഫ്രഞ്ച് ചിന്തകനായ ഗീതോബര്‍ 'ദൃശ്യ വിസ്മയങ്ങളുടെ ലോകം' എന്ന് പരിഹസിച്ചു. ചരിത്രത്തിന്‍റെ പുനരാവര്‍ത്തിയിലൂടെ അതിപ്പോഴും പ്രതിധ്വനിക്കുനത് മലയാളിയുടെ നെഞ്ചിലാണോ..?

നെറികെട്ട ചാനല്‍ സംസ്കാരത്തിന്‍റെ ദുര്‍ഗന്ധം സഹിച്ചാണ് നമ്മള്‍ മലയാളികള്‍ ഓരോ ദിനവും തള്ളി നീക്കുന്നത്. ഫാഷ്യനും സെക്സും പ്രതികാരവും അന്ധവിശ്വാസവും ഭ്രാന്തന്‍ സംഗീതവും ചേര്‍ന്ന് ദ്രിശ്യ-മാധ്യമ പിശാചുക്കള്‍ സൃഷ്ട്ടിച്ചെടുത്ത ഈ വൃത്തികേടില്‍ നശിച്ച് ഒടുങ്ങുന്നത് പുത്തന്‍ തലമുറയാണ്. പ്രബുദ്ധരെന്നു ഊറ്റം കൊണ്ട മലയാളിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി.
തൊണ്ണൂറുകളിലാണ് നമ്മുടെ നാട് ഈ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍ കുത്തിയിരിപ്പ് തുടങ്ങിയത്. അത്രയൊന്നും വ്യാപകമല്ലാത്ത ഒരു സാധനമായത് കൊണ്ടാവാം, ഇതിലെ കാഴ്ചകള്‍ കാണാന്‍ ജനം തലങ്ങും വിലങ്ങും ഓടി. താമസിയാതെ ടീവി ഇല്ലാത്ത വീടുകള്‍ അപൂര്‍വമായി. രണ്ടായിരം ആയപ്പോള്‍ ടീവി ഇല്ലെങ്കില്‍ പിന്നെന്തു ജീവിതമെന്ന് ചോദിക്കാന്‍ മലയാളി ശീലിച്ചു. അറിവും ആഹ്ലാദവും മത്സരിക്കുന്നതിന്റെ നാണം കെട്ട കാഴ്ചകളുമായി ഇന്നും അത് അനിസ്യൂതം മുന്നോട്ട് കുതിക്കുകയാണ്..!
'മ' പ്രസിദ്ധീകരണങ്ങളില്‍ വായിച്ചറിഞ്ഞ വൈകാരിക സംഘര്‍ഷങ്ങള്‍ മലയാളിയുടെ നെഞ്ചിന്‍ കൂടിലേക്ക് നേരിട്ട് എത്താന്‍ തുടങ്ങിയപ്പോള്‍ പുതിയൊരു ദൃശ്യ സുഖം നമുക്കിടയില്‍ വളരുകയായിരുന്നു. വേലയും കൂലിയും വേണ്ട, ടീവിയിലെ രസികന്‍ കാഴ്ചകള്‍ കണ്ടിരിക്കാം എന്ന പുരുഷാധിപത്യത്തിനു മുന്‍പില്‍ കുടുംബ കലഹം നിത്യവിസ്മയമായി. പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ട്ട നായകന്മാരെ തേടി അടുത്ത വീടുകളിലേക്ക് പാളി നോക്കി. രാത്രികാഴ്ചകളുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനും ഈ ശവപ്പെട്ടി നിമിത്തമായി.!
വിദേശ രാഷ്ട്രങ്ങളില്‍ അരങ്ങേറുന്ന സമരമുറകള്‍ നാം അനുകരിക്കാന്‍ തുടങ്ങിയത് ടീവി കാഴ്ചകള്‍ക്ക് ശേഷമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ സിനിമാ സംബന്ധിയായ വളിച്ചതും പുളിച്ചതും കാണാനും കേള്‍ക്കാനും നാം നിര്‍ബന്ധിതരായി. പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതിയില്‍ മാറ്റം വന്നു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. സ്നേഹമോ ദയയോ പ്രകടിപ്പിക്കാന്‍ ആര്‍ക്കും സമയമില്ലാതായി. സന്ധ്യാ പ്രാര്‍ഥനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ തുടങ്ങിയതോടെ 'നാകം' പണിത നമ്മള്‍ തന്നെ നമ്മുടെ നരകവും പണിതു.!
വീടുകളില്‍ കുട്ടികള്‍ക്ക് അവരുടെ മത പ്രവാചകരുടെയോ ചരിത്ര നേതാക്കളുടെയോ പേരുകള്‍ അറിയില്ലെങ്കിലും 'സിലിമാ'ക്കാരുടെ പേരുകള്‍ ഹൃദ്യസ്തമാണ്. ഇഷ്ട ചാനല്‍ കാണാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. പുതിയ ചാനലുകളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന 'മലയാലി' ഇതൊക്കെ സമ്മതിക്കുമോ ആവോ!
ഇപ്പോള്‍ തന്നെ മലയാളിയെ നശിപ്പിക്കാന്‍ ഡസനോളം ചാനലുകള്‍ കേരളത്തിലുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമാണ് ഇവയില്‍ മിക്കതും. വാര്‍ത്താ ചാനലുകളെന്ന് അവകാശപ്പെട്ട് അവതരിച്ചവയും പിന്നീട് ദുര്‍നടപ്പിലേക്കാണ്‌ നീങ്ങിയത്. കാഴ്ചകളിലെ ആവര്‍ത്തന വിരസത പോലും മലയാളിയെ മുഷിപ്പിക്കുന്നില്ല.(?) എന്നിട്ടും വീണ്ടും ഡസനോളം ചാനലുകള്‍ മലയാളിയെ തേടി എത്തുന്നു എന്നതാണ് സമകാലിക വിരോധാഭാസം.!
എന്തിനാണ് മലയാളിക്ക് ഇത്രയധികം ചാനലുകള്‍ എന്ന് ചോദിക്കരുത്. അതിനു വേണ്ടി പണം ഇറക്കുന്ന പാവപ്പെട്ട മുതലാളിമാര്‍ക്ക് ഈ ചോദ്യം ദഹിക്കില്ലെന്നോര്‍ക്കുക. അവര്‍ക്ക് എസ്സെമ്മെസ് വേണം. പരസ്യം വഴി കോടികള്‍ ഉണ്ടാക്കണം. ടൈ കെട്ടിയ 'ശായിപ്പന്‍'മാരും 'മലയാലി' മദാമ്മമാരും വന്ന് നമ്മെ ഉദ്ബുദ്ധ രാക്കും. ഗ്രഹണി പിടിച്ച പയ്യന്‍സ് മരണ വീടുകളില്‍ പോലും മൈക്കും കാമറയും കൊണ്ട് കഥകളി കാട്ടും. ഇതില്പരം എന്താണ് നമുക്കാവശ്യം?
വരട്ടെ, ആറോ നൂറോ ചാനലുകള്‍ വന്ന് മലയാളിയെ വിഴുങ്ങട്ടെ.. ചാനല്‍ പ്രളയത്തില്‍ അവന്‍ മുങ്ങിത്താഴട്ടെ. ടീവി കാഴ്ചകള്‍ അവന്‍റെ ജീവിതത്തെ ധന്യമാക്കട്ടെ.. കുടുംബം പട്ടിണിയാകട്ടെ.. പെണ്‍കുട്ടികള്‍ ആടിത്തിമിര്‍ക്കട്ടെ.. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകുമെങ്കില്‍ അതല്ലേ നല്ലത്?


18 comments:

( O M R ) said...

പ്രഭാതം മുതല്‍ പ്രദോഷം വരെ സിനിമാ സംബന്ധിയായ വളിച്ചതും പുളിച്ചതും കാണാനും കേള്‍ക്കാനും നാം നിര്‍ബന്ധിതരായി. പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതിയില്‍ മാറ്റം വന്നു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. സ്നേഹമോ ദയയോ പ്രകടിപ്പിക്കാന്‍ ആര്‍ക്കും സമയമില്ലാതായി. സന്ധ്യാ പ്രാര്‍ഥനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ തുടങ്ങിയതോടെ ''നാകം' പണിത നമ്മള്‍ തന്നെ നമ്മുടെ നരകവും പണിതു.!

Unknown said...

മനുഷ്യബന്ധങ്ങള്‍ തീരെ ഇല്ലാതായി എന്നതാണ് ചാനല്‍ക്കാഴ്ചകളുടെ ബാക്കിപത്രം. ജീവിച്ചുകൊണ്ടിരിക്കുന്ന പച്ച മനുഷ്യനെ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും സീരിയലുകളിലെ കഥാപാത്രങ്ങള്‍ മതി. മതി പോട്ട്.. കേരളത്തിലെ സാമൂഹ്യജീവിതം ഇനിയങ്ങോട്ട് ഇങ്ങനെയൊക്കെ തന്നെ.. അല്ലെങ്കിലും ജീവിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ലല്ലൊ. എങ്ങനെ ജീവിച്ചാലെന്ത്.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ജീന്‍ ഇല്ലാതെയാവും അടുത്ത തലമുറ ജനിയ്ക്കുക. അപ്പോള്‍ പിന്നെ പ്രശ്നമില്ലല്ലൊ..

Umesh Pilicode said...

അയ്യോ അങ്ങനെ പറയരുത് സുകുമാരേട്ടാ ഒറ്റപ്പെട്ടിട്ടാനെങ്കിലും പ്രതികരണങ്ങള്‍ വേണം മരിക്കാത്ത ഒരു സമൂഹം ഇനിയും ബാക്കിയുണ്ട് എന്നരിയിക്കുന്നതിനുവേണ്ടി

പട്ടേപ്പാടം റാംജി said...

വളര്‍ന്നു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. അതിനെ മുതലെടുത്ത്‌ മനുഷ്യന്റെ മനസ്സിനെ ചൂഷണം ചെയ്യാന്‍ ഏതു ഹീനമാര്‍ഗവും അവലംബിച്ച് അവതാരാരം പൂണ്ടിരിക്കുന്ന കുറേ ചെകുത്താന്മാര്‍ നമുക്ക്‌ ചുറ്റും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. അവരെ തിരിച്ചറിയാന്‍ ശ്രമിക്കാത്തിടത്തോളം സുകുമാരേട്ടന്‍ പറഞ്ഞതുപോലെ "അല്ലെങ്കിലും ജീവിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ലല്ലൊ. എങ്ങനെ ജീവിച്ചാലെന്ത്" എന്ന ചിന്ത
കൂടി വരുമെന്നതില്‍ തര്‍ക്കമില്ല.

( O M R ) said...

നമ്മുടെ കുട്ടികളെ/പുതിയ കൌമാരത്തെ തിന്മകളില്‍ നിന്നും പറിച്ചു മാറ്റുക പ്രയാസമാണ്. അവരില്‍, പാശ്ചാത്യന്‍റെ ചീഞ്ഞളിഞ്ഞ ജീവിത രീതി ആരൊക്കെയോ ചേര്‍ന്ന് ശീലിപ്പിച്ചിരിക്കുന്നു. തന്നോളമാകും മുന്‍പേ 'താന്‍' എന്ന് വിളിക്കാനാണ് കുട്ടികള്‍ക്കിഷ്ട്ടം.!
****
സുകുമാരന്‍ സാറിനും ഉമേഷിനും രാംജി ഭായിക്കും നന്ദി; കനപ്പെട്ട കമന്റ്സിന്, ഇത് വഴി വന്നതിന്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മനുഷ്യ മനസ്സിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമമാണ് ദൃശ്യമാധ്യമം . കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ കേരളത്തില്‍ അതിന്റെ ഫലം കണ്ടു കഴിഞ്ഞു. സന്ധ്യ നേരത്ത് ഇന്ന് പ്രാര്‍ഥന ഉണ്ടോ? അതിഥി കളെ സല്കരിക്കാന്‍ താല്പര്യമുണ്ടോ? നേരത്തിനു ഭക്ഷണം ലഭിക്കുന്നുണ്ടോ? കുട്ടികള്‍ക്ക് അനുസരനാശീലം കൂടിയിട്ടുണ്ടോ ?

വളരെ വളരെ വളരെ നല്ല പോസ്റ്റ്‌ . ഇനിയും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ എഴുതുക .ഭാവുകങ്ങള്‍ !

Anonymous said...

വല്യ സത്യം തന്നെ താങ്കള്‍ പറഞ്ഞത് ....പാശ്ചാത്യ രാജ്യത്ത് ജീവിക്കുന്ന ഞാന്‍ ഒരു സത്യം പറയട്ടെ ...നമ്മുടെ നാട്ടില്‍ വന്ന അത്ര അധപതനം ഇവിടെ വന്നിട്ടില്ല ..കാരണം പണ്ട് മുതലേ മൂല്യങ്ങള്‍ ഇവിടെ കുറവായത് കൊണ്ടാകാം ...ഇവിടെ അവരുടെ വ്യക്തി ജീവിതം ..അതായത് ജോല്ലിയും മറ്റും കഴിഞ്ഞേ ടി വി ക്ക് മുന്നില്‍ ഇരിക്കാറോള്ളൂ..പക്ഷെ നമ്മുടെ നാട്ടില്‍ അങ്ങിനെയല്ല സ്ഥിതി ...അവര്‍ ടി വി യുടെ സമയത്തിനു അനുസരിച്ച് ജീവിത്തിനെയും എന്തിനു പറയുന്നു പ്രാര്‍ത്ഥന പോലും അഡ്ജസ്റ്റ് ചെയ്യുന്നു ...അതിവിടെ കാണില്ല ...പക്ഷെ പാശ്ചാത്യ സംസ്കാരം എന്ന് പറഞ്ഞു പാശ്ചാത്യര്‍ പോലും പരിശീലിക്കാത്തെ സംസ്കാരംമാണ് നമ്മുടെ നാടിനെ പിടി കൂടുന്നത് ....അതില്‍ കൂടുതല്‍ വീഴുന്നതോ പെണ്ണുങ്ങളും ....ഇവിടുള്ലോര്‍ ആരെയും അനുകരിക്കുന്നില്ല ...നമ്മളോ Blind ഇമിറ്റേന്‍ ചെയ്യുന്നു ....പാശ്ചാത്യരുടെ പേരും പറഞ്ഞു നമ്മള്‍ അവരെ പോലും വെല്ലുന്ന സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് സത്യത്തില്‍ ....എന്തൊക്കെ ആയാലും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തേണ്ട കാലം കഴിഞ്ഞു ....അല്ലെങ്കില്‍ സുകുമാരന്‍ മാഷ്‌ പറഞ്ഞ പോലെ "സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ജീന്‍ ഇല്ലാതെയാവും അടുത്ത തലമുറ ജനിയ്ക്കുക. "

( O M R ) said...

ഇസ്മായില്‍ കുറുമ്പടി ( തണല്‍),

ഇതേ ശൈലിയിലാണ് ജീവിതരീതി തുടരുന്നതെന്കില്‍ നമ്മുടെ സത്വം നഷ്ട്ടപ്പെടാന്‍ കൂടുതല്‍ കാലവിളംബം ഉണ്ടാകില്ല. ഇത്രയധികം ചാനലുകള്‍ നമുക്ക് ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ ചിന്തിക്കേണ്ടത്, ഇതിലെത്ര ചാനലുകള്‍ നമ്മുടെ ധാര്‍മിക ബോധത്തിന് ഊന്നല്‍ നല്‍കുന്നുണ്ട് എന്നാണ്..!

നന്ദി, വന്നതിനും പറഞ്ഞതിനും.

( O M R ) said...

dear Aadhila, thanks for your visit and comments.

കേട്ടിട്ടുണ്ട്, പാശചാത്യന്‍റെ സംസ്കാരത്തില്‍ പലതും നന്മ നിറഞ്ഞതാണെന്ന്. എന്നാല്‍ നമ്മുടെ കൌമാരത്തിന് ഇഷ്ട്ടം പാശ്ചാത്യന്‍ അഴിച്ചുവെച്ച ദുര്‍ഗന്ധങ്ങള്‍ വാരിപ്പുണരാനാണ്. മോബൈല്‍ഫോണ്‍, ടീവീ.., തുടങ്ങി electronic products നമ്മള്‍ ഉപയോഗിക്കുന്നത് പലപ്പോഴും നല്ല ഉദ്ധേശത്തിലല്ല. എന്തും ദുരുപയോഗം ചെയ്യാനാണ് നമുക്ക് താല്പര്യം. എല്ലാ വൃതികെടുകള്‍ക്കും ശേഷം നാം എങ്ങോട്ടാണാവോ ചെന്നെത്തുക?

Dr.HK said...

" പാശചാത്യന്‍റെ സംസ്കാരത്തില്‍ പലതും നന്മ നിറഞ്ഞതാണെന്ന്. എന്നാല്‍ നമ്മുടെ കൌമാരത്തിന് ഇഷ്ട്ടം പാശ്ചാത്യന്‍ അഴിച്ചുവെച്ച ദുര്‍ഗന്ധങ്ങള്‍ വാരിപ്പുണരാനാണ്...എന്തും ദുരുപയോഗം ചെയ്യാനാണ് നമുക്ക് താല്പര്യം. "...What you said is absolutely correct Mr.OMR.Before coming here,I also had many prejudices about Western life and people.But,everything is a matter of Experience,as Experience is counted as the best teacher." എല്ലാ വൃതികെടുകള്‍ക്കും ശേഷം നാം എങ്ങോട്ടാണാവോ ചെന്നെത്തുക?"...And this is a powerful question that everyone has to ask to themselves ...Good post.Go ahead!

( O M R ) said...

നന്ദി Dr. HK.
മറ്റേതു സംസ്ക്കാരത്തെക്കാളും മികച്ചതാണ് ഭാരതീയ സംസ്കാരം എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കൌമാരത്തിനാണ് ഈ പതനം സംഭവിച്ചിരിക്കുന്നത്!
വേഷത്തിലും ഭക്ഷണ രീതികളിലും അവന്‍ എത്രയോ മാറിപ്പോയി. ആര്‍ക്കും വേണ്ടാത്ത ചണ്ടികളാവാന്‍ നമ്മള്‍ സ്വയം തയ്യാറായി എന്നതാണ് സത്യം! ദ്രിശ്യമാധ്യമങ്ങളില്‍ കൂടി അവന്‍ കണ്ടു കൊണ്ടിരിക്കുന്നത് അത്തരം കാഴ്ചകളാണല്ലോ!

Anonymous said...

" ദ്രിശ്യമാധ്യമങ്ങളില്‍ കൂടി അവന്‍ കണ്ടു കൊണ്ടിരിക്കുന്നത് അത്തരം കാഴ്ചകളാണല്ലോ!"
സത്യം ...അതിലുടെ അവരുടെ മുന്നില്‍ എത്തുന്ന നടീ നടന്‍ മാരുടെ മാതൃകകള്‍ [നന്മകള്‍ കാണാതെ തിന്മകള്‍ മാത്രം തിരയുകയും അത് എളുപ്പത്തില്‍ സ്വന്തം ആക്കുന്നു പലരും ] ...അവരുടെ വിശ്വാസം ....അവരുടെ ചിന്തകള്‍ ...അതിനെല്ലാം ഉപരി നിയമത്തിന്റെ പിന്‍ താങ്ങും...ഒരു കൊച്ചു ഉദാഹരണം ഇവിടെ അവസരോചിതമായി ചേര്‍ക്കട്ടെ ....Indian sex row actress wins case-BBC http://news.bbc.co.uk/2/hi/south_asia/8648099.stm .... നിയമവും കടന്നു അതിനു പിന്‍ താങ്ങാന്‍ ഭാരതീയ സംക്സാരത്തെ തന്നെ അവര്‍ കൂടെ കൂട്ടി ...ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പവിത്രമായ ഒരു മതത്തെ തന്നെ ...ഹിന്ദു മതത്തെ ...അതിലെ കൃഷ്ണ ഭഗവാനെയാണ് ഇവര്‍ കൂട്ട് പിടിക്കുന്നെ ....നോക്കു Judges ഇന്റെ വാക്കുകള്‍ "The judges said that even Hindu Gods Lord Krishna and Radha were co-habiting lovers."

ഒരു നുറുങ്ങ് said...

യഥാവിധി സം‌വദിക്കപ്പെടേണ്ട ഒരു വിഷയമാണിത്.നാം പൊതുവില്‍
ഈ ചാനല് രംഗത്തെ കടുത്ത ആധിക്യവും,അതിലൂടെ മലിനീകരണം
സൃഷ്ടിച്ചു വിടുന്നതും ശ്രദ്ധിക്കുന്നേയില്ലെന്നായിട്ടുണ്ട്.
മികച്ച് നില്‍ക്കുന്നതെന്നവകാശപ്പെടാവുന്ന ഒരെണ്ണം ഇനിയും
ഉണ്ടായിട്ട് വേണം..! സാംസ്കാരികമായും മൂല്യവത്തായ കലാബോധം
ലക്ഷ്യമാക്കുന്നതുമായ ഒരു ചാനലിനെ നമുക്കിനിയും പ്രതീക്ഷിക്കാമോ..? ആ വിടവു നികത്താന്‍ ഏതെങ്കിലുമൊരു
മാധ്യമ മുതലാളിക്ക് വെളിപാടുണ്ടാവണേ എന്ന്.........പ്രാ....ന്നു.!!

Anil cheleri kumaran said...

ഒക്കെ മടുക്കുമെന്നേ അല്‍പ്പം കഴിഞ്ഞോട്ടെ.

ഹംസ said...

ആഹാ… ഇദ്ദാണ് ലേഖനം. !! ഇതിനെ കുറിച്ചു പറയാനുള്ള അഭിപ്രായങ്ങള്‍ എല്ലാം ലേഖനത്തില്‍ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. നന്നായിരിക്കുന്നു. മലയാളം ചാനലുകള്‍ കാണുമ്പോള്‍ സത്യത്തില്‍ പലപ്പോഴും നമ്മുടെ അവസ്ഥയെ കുറിച്ചു ചിന്തിക്കുകയും വിഷമിക്കുകയും ചെയ്തിട്ടുണ്ട്. .!!

ദിവാരേട്ടN said...

ഓരോരുത്തരും അര്‍ഹിക്കുന്നത്/ആവശ്യമുള്ളത് അവനവന് കിട്ടുന്നു [തെരഞ്ഞെടുക്കുന്നു]. ചാനല്‍ മാറ്റാനുള്ള [അല്ലെങ്കില്‍ TV ഓഫ്‌ ചെയ്യാനുള്ള] സംവിധാനവും ആ പെട്ടിയുടെ കൂടെ തന്നെ ഉണ്ടല്ലോ....

കാഴ്ചകൾ said...

എല്ലാം ഒരുക്കി മുമ്പില്‍ വെച്ചിട്ട് ..... വേണ്ട മോനെ വേണ്ട .. പീലാത്തോസിനെപ്പോലെ കൈ കഴുകാതെ.

nanmandan said...

വളരെ വളരെ വളരെ നല്ല പോസ്റ്റ്‌ . ഇനിയും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ എഴുതുക .ഭാവുകങ്ങള്‍ !

Post a Comment

 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com