
കുഞ്ഞുടുപ്പുകളില്‍ ചിതറിത്തെറിച്ച ചോരയുടെ ഗന്ധം അറിയണോ? അനാഥതയിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യങ്ങള്‍ കാണണോ? വിധവയാക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ രോദനം കേള്‍ക്കണോ? എങ്കില്‍ കണ്ണൂരിലേക്ക് പോന്നോളൂ. ഇവിടെ, അമ്മ-ഭാര്യ-പെങ്ങന്മാരുടെയും കുഞ്ഞുമക്കളുടെയും ധാരമുറിയാതെ ഒഴുകുന്ന കണ്ണീരും വിലാപങ്ങളും നിങ്ങളെ സ്വീകരിക്കും. അവരുടെ വാക്കുകള്‍ നിങ്ങളുടെ നെഞ്ചകം കീറിമുറിച്ചേക്കാം... എന്നാല്‍പോലും ഈ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാവില്ല!
ജലാശയത്തിലെ ഒരു ബിന്ദുവിലുണ്ടാകുന്ന നേര്‍ത്തൊരു ചലം അസംഖ്യം ഓളങ്ങളുയര്‍ത്തി വിടുന്നത് പോലെ കണ്ണൂരിന്‍റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന നിസ്സാരപ്രവര്‍ത്തിയാണ് ജില്ല മൊത്തം വ്യാപിച്ച് ചോരയില്‍ കുതിര്‍ന്നു നിലവിളിയായി ഉയരുന്നത്.
നാല്പതു വര്‍ഷമായി കണ്ണൂര്‍ ഇങ്ങനെയാണ്. രാഷ്ട്രീയപക തലങ്ങും വിലങ്ങും ജീവനെടുക്കുന്നു. കൊല്ലുന്നതിലും കൊല്ലപ്പെടുന്നതിലും പാര്‍ട്ടിഭേദമില്ല. കോണ്‍ഗ്രസ്.. സീപീയെം.. ബീജേപീ.. എന്‍ഡീയെഫ്.. എല്ലാവരും മാറിമാറി എത്തുന്നു. പാര്‍ട്ടികള്‍ക്ക് പറയാന്‍ പഠിച്ചുവെച്ച ന്യായമുണ്ട്. "ഞങ്ങള്‍ പ്രതിരോധിക്കുകയാണ്". ഓരോ അക്രമങ്ങള്‍ക്ക് ശേഷവും മുറപോലെ സമാധാന യോഗങ്ങള്‍ ചേരും. പക്ഷെ, അതിന്‍റെ ചൂടാറുംമുമ്പേ അടുത്ത കൊലക്ക് കളമൊരുങ്ങുകയായി. ഒരു വിലപ്പെട്ട ജീവന്‍ കീറിമുറിക്കപ്പെടുമ്പോള്‍ നീതിവ്യവസ്തകള്‍ക്ക് പോലും ഒന്നും ചെയ്യാനാവുന്നില്ല.
ഒരിക്കലും അടങ്ങാത്ത കണ്ണൂരിലെ രാഷ്ട്രീയപകയില്‍ ബലിയാടായവരുടെ എണ്ണം ഇപ്പോള്‍ മുന്നൂറോളം ആയി. അക്രമങ്ങളില്‍ കയ്യോകാലോ നഷ്ട്ടപ്പെട്ടവരുടെ എണ്ണം ഇതിന്‍റെ മൂന്നിരട്ടിയാണ്. അയ്യായിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊണ്ടും കൊടുത്തും വളര്‍ന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൊത്തം ഏജന്റായ ആരെസ്സെസ്സും ശാന്തിസമാധാനം നാവിട്ടലക്കുന്ന കോണ്‍ഗ്രസ്സും പട്ടിണിക്കാരന്റെ കണ്ണീരോപ്പുന്നുവെന്നു അഹങ്കരിക്കുന്ന കമ്മ്യൂനിസ്ട്ടുകാരനും ഒരൊറ്റ ഭാഷയും മുഖവുമാണ് കണ്ണൂരില്‍. അവര്‍ സംസാരിക്കുന്നത് അക്രമത്തിന്റെ ഭാഷ.. അവര്‍ക്കാവശ്യം രാഷ്ട്രീയ ശത്രുവിന്റെ ചോര... അവരുടെ ലക്‌ഷ്യം കൊന്നും കൊടുത്തും പാര്‍ടി വളരണം..
ഇവിടെ ഓരോ ഗ്രാമവും ഓരോ പാര്ട്ടികളുടെതാണ്. ഇവിടങ്ങളില്‍ ഇല അനങ്ങണമെങ്കില്‍ നേതാക്കളുടെ അനുമതി വേണം. "കണ്ണൂരിലെന്താ ഇങ്ങനെയെന്ന്" പരിഹസിക്കുന്നവര്‍ അറിയുക, ജഡങ്ങളെപോലും കലാപത്തിനു വേണ്ടി 'ഉയര്തെഴുന്നെല്‍പ്പിക്കുന്ന' നേതാക്കളുടെ പ്രസംഗമാണ് കണ്ണൂരിലെ ഏറ്റവും വലിയ ശാപം. പ്രകോപനപരമായ ഈ പ്രസംഗം എന്ന് നില്‍ക്കുന്നുവോ അന്ന് തീരും ഇവിടുത്തെ സര്‍വ്വ പ്രശ്നങ്ങളും.
കണ്ണൂരില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെതായ ചാവേര്‍ കൂട്ടങ്ങളുണ്ട്, ബോംബ് നിര്‍മ്മാണത്തിലും അതിന്‍റെ പ്രയോഗത്തിലും പ്രാവീണ്യം നേടിയ അണികളുമുണ്ട്. ഹിറ്റ്സ്കോടുകള്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഇവര്‍ ആയോധനകലകളില്‍ ശക്തരാണ്. കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യ ഇനം. പിന്നെ കാത്തിരിപ്പാണ്. സൗകര്യം കിട്ടുമ്പോള്‍ ഇരകള്ക്കുമേല്‍ ചാടിവീണ് അരിഞ്ഞുവീഴ്ത്തുന്ന വിദ്യ വിജയകരമായി നടപ്പാക്കും. ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ ശേഷിക്കുന്നവന്റെ മനോവേദനയുടെ ആഴം..?